“കോടികൾ നിക്ഷേപമുള്ള പണമിടപാട് സ്ഥാപനം തറപറ്റി”. ഏകദേശം 20 വർഷങ്ങൾക്കു മുൻപു കേട്ട, ഒരു പരസ്യവാചകത്തിനു സമാനമായ ‘ഇന്റഗ്രേറ്റഡ്’ വാർത്താ തലക്കെട്ട് ആയിരുന്നു ഇത്. പിന്നീട് വളരെ ജനപിന്തുണയും ജനകീയതയുമുള്ള പല സ്ഥാപനങ്ങളും തകർന്നപ്പോൾ പൊതുജനത്തിനിടയിൽ പരിഭ്രാന്തി പടർത്തുന്ന ഇത്തരം തലക്കെട്ടുകൾ അപൂർവമല്ലാതായി. കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയതായി പല പ്രസ്ഥാനങ്ങളും പ്രസ്തുത ഇടങ്ങളിൽ സ്ഥാനം പിടിച്ചു. അവയിൽ പൊതുമേഖലാ ബാങ്കുകൾ മുതൽ ബാങ്ക് എന്ന നാമധേയം പേരിനൊപ്പം അനധികൃതമായി ഉപയോഗിച്ചിരുന്ന സ്ഥാപനങ്ങൾ വരെയുള്ളവയുടെ നീണ്ടനിരതന്നെ ഉണ്ടായിരുന്നു. ആഗോളതലത്തിൽ ബഹുരാഷ്ട്ര കുത്തക ബാങ്ക് ആയ ലേമാൻ ബ്രദേഴ്സ് തകർന്നപ്പോൾ അമ്പരപ്പിന്റെ വ്യാപ്തി ദിശാതീതമായി പടർന്നു. അപ്പോൾ “ബാങ്കുകളും തകരുമല്ലോ, ഇനി എവിടെ സുരക്ഷിതമായി നിക്ഷേപിക്കും!” എന്നു പലരും ആശങ്കയിലായി. എന്നാൽ പിൽകാലത്ത് സഹകരണപ്രസ്ഥാനം എന്നോ സ്റ്റാർട്ടപ് കമ്പനി എന്നോ നോൺ പ്രോഫിറ്റെന്നോ നോക്കാതെ നിയമപരമായോ അല്ലാതെയോ നിക്ഷേപങ്ങൾ സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ പണമിടുന്നത് സാധാരണമായി. ഈയവസരത്തിലാണ് ഇടിത്തീപോലെ നോട്ട് നിരോധനം വന്നത്. അങ്ങനെ സമ്പാദിക്കുന്നതിലും വലിയ കടമ്പയായി നിക്ഷേപം മാറി.
പതിറ്റാണ്ടുകൾക്കു മുന്നേ, സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഐ.ടി.ഐ/ഡിപ്ലോമ നേടി ഇതര സംസ്ഥാനങ്ങളിലേക്കോ ഗൾഫിലേക്കോ ചേക്കേറി കാശുണ്ടാക്കി നാട്ടിൽതന്നെ നിക്ഷേപിക്കുക എന്നതായിരുന്നു കേരളത്തിലെ മധ്യവർഗ യുവാക്കളിലെ പൊതുപ്രവണത. പക്ഷേ, നിക്ഷേപിക്കുന്ന പണത്തിനുള്ള നഷ്ടസാധ്യത പരിഗണിക്കാതെ പലിശയും കൂട്ടുപലിശയും ചേർന്ന് ക്ഷണനേരംകൊണ്ട് നിക്ഷേപത്തുക ഇരട്ടിയാകണം എന്ന അത്യാഗ്രഹത്തോളമെത്തുന്ന വ്യാമോഹങ്ങൾ ഇതിന്റെ ഫലമായുണ്ടായി. ഈ പ്രവണത വരുത്തിവെച്ച അപകടങ്ങൾ അനേകമാണ്.
വ്യക്തികളുടെയോ ബിസിനസ്സിന്റെയോ വളർച്ചയ്ക്കായി ലോൺ കൊടുക്കുകയും പകരം പലിശയുൾപ്പെടെയുള്ള തിരിച്ചടവ് മുന്നിൽകണ്ട് അതുവഴി കാപ്പിറ്റൽ & ഓപ്പറേറ്റിംഗ് ചിലവുകൾ കൈകാര്യം ചെയ്യുക എന്ന രീതിയാണ് പണമിടപാട് സ്ഥാപനങ്ങൾ സ്വീകരിക്കുന്നത്. ബാർട്ടർ സമ്പ്രദായം ഉൾപ്പെടെയുള്ള സാമ്പത്തിക-വാണിജ്യ വിനിമയത്തിന്റെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകൾ ഉടലെടുത്ത സാഹചര്യംപോലും അറിയാതെയാണ് പല ബഹുരാഷ്ട്ര ബിസിനസ് സാമ്രാജ്യങ്ങളും പടുത്തുയർത്തിയിരിക്കുന്നത്. അവയുടെ സമകാലിക മരവിപ്പുകൾ ഇതിന്റെ ബാക്കിപത്രമാണ്. മറ്റൊരിടത്ത് എഐ ബ്ലോക്ക് ചെയിൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പരീക്ഷിക്കപ്പെട്ട് ഒരു വിരലമർത്തിയാൽപോലും സെർവർ ഓവർലോഡ് കാരണം ഹാങ്ങായി സൈറ്റ് തകരാറുകളുണ്ടാവുകയും തത്ഫലമായി പ്രവർത്തനക്ഷമത നഷ്ടപെടുന്ന ഒരു ചെറിയ ചിപ്പിനുള്ളിലാണ് ലോകബാങ്ക് ഉൾപ്പെടെയുള്ളവയുടെ കണക്കുകൂട്ടലുകളുടെ സ്വപ്നക്കൂട് എന്ന തിരിച്ചറിവിലേക്ക് ഇനിയും എത്തിക്കൊണ്ട് ഇരിക്കുന്ന ടെക്ക് ലോകം.
നിക്ഷേപിക്കുന്ന സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറയുടെ കാര്യത്തിൽ ആശങ്കയുള്ളപക്ഷം 5 ലക്ഷം കയ്യിലുള്ള ഒരാൾ 20,000 വരെയുള്ള തുക നിക്ഷേപിക്കുന്നതായിരിക്കും ഉചിതം. എന്നാൽ 5 ലക്ഷം കയ്യിലുള്ള ഒരു വ്യക്തി അതു മുഴുവനും ഒരു സ്ഥാപനത്തിൽ നിക്ഷേപിച്ചതിനുശേഷം മുഴുവനും തുകയും പിൻവലിക്കേണ്ട സാഹചര്യമുണ്ടായാൽ നിക്ഷേപിച്ച സ്ഥാപനത്തിന്റെ സാമ്പത്തികാടിത്തറയെ ആശ്രയിച്ചാവും അയാളുടെയും നിക്ഷേപത്തിന്റെയും പരിണതി നിർണയിക്കപ്പെടുന്നത്. അടിയന്തരമായി ആശുപത്രിച്ചെലവുപോലെയുള്ള ആവശ്യങ്ങൾക്കായി പണം തിരികെ ലഭിക്കുന്നില്ലെങ്കിൽ അയാളുടെ സാമ്പത്തിക ദ്രവ്യത ആയാസകരമായി മാറും.
ബിസിനസ്സുകൾ അത്യന്താപേക്ഷിതമാണ്; അതു വ്യക്തിയുടെ പ്രൊഫഷണൽ വളർച്ചയ്ക്കായാലും സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കായാലും. അതിന്റെ സുഗമമായ പ്രവർത്തനത്തിനും നടത്തിപ്പിനും ധനലഭ്യതയാണ് അവിഭാജ്യഘടകമായി നിലകൊള്ളുന്നത്. മേൽനോട്ടച്ചുമതലയുള്ള ഒരു വ്യക്തിയുടെ വീഴ്ചകൊണ്ടുപോലും ആവശ്യത്തിന് മൂലധനം ചിലപ്പോൾ ഉണ്ടായില്ലെന്നുവരാം. അപ്പോൾ അവർക്ക് നിക്ഷേപങ്ങളായും കടങ്ങളായും പൊതുജനത്തിന്റെകൂടി താൽപര്യങ്ങൾ പരിഗണിക്കേണ്ടതായി വരുന്നു. അത് അവരുടെ നിലനിൽപ്പിന്റ കാര്യമാണ്. അവരുടെ നിലനിൽപ്പ് സമൂഹത്തിന്റെ ആവശ്യവും.ബാങ്കിങ് അവശ്യസർവീസാണ്. കമ്പനികളും കോഓപ്പറേറ്റീവ് സൊസൈറ്റികളും ഇതര ധനകാര്യസ്ഥാപനങ്ങളും നമ്മുടെ ആവശ്യംതന്നെയാണ്. പണം നിക്ഷേപിച്ചിട്ടുണ്ട് എങ്കിൽ അതെവിടെയെന്നും എന്തിനുവേണ്ടിയെന്നും ജാഗ്രതയോടെ തിരിച്ചറിയുക തന്നെ വേണം. അവശ്യസന്ദർഭങ്ങളിൽ പണം ലഭ്യമായില്ലെങ്കിൽ അനാവശ്യ ഭീതിപരത്തി മറ്റുള്ളവരെ പരിഭ്രാന്തരാക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഭയപ്പെടുന്ന ആളുകൾ പറഞ്ഞറിഞ്ഞ് കൂട്ടത്തോടെ മറ്റുള്ളവർ ചെന്ന് നിക്ഷേപ തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ സ്ഥാപനങ്ങളുടെ നിലനിൽപ്പ് ചോദ്യചിഹ്നമായി മാറുന്നതിന് സാധ്യത കൂടുതലാണ്. പണത്തിലും വലുതാണ് മനുഷ്യജീവനെന്ന് മറക്കാതെ ഇരിക്കുക.